വയോധികയെ എട്ടു വര്‍ഷം അടിമയാക്കി; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് കോടതി

വയോധികയെ എട്ടു വര്‍ഷം അടിമയാക്കി; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് കോടതി

മെല്‍ബണ്‍: തമിഴ്‌നാട് സ്വദേശിയായ വയോധികയെ ഓസ്‌ട്രേലിയയില്‍ എട്ടു വര്‍ഷത്തോളം അടിമയാക്കി ജോലി ചെയ്യിച്ചിരുന്ന ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്നു സുപ്രീംകോടതി വിധിച്ചു. ഇന്ത്യന്‍ സമൂഹത്തിന് ആകെ അപമാനകരമായ സംഭവത്തില്‍, വിക്‌ടോറിയയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ കന്ദസ്വാമി, കുമുദിനി കണ്ണന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. 2007 നും 2015 നും ഇടയിലാണ് മെല്‍ബണിലെ മൗണ്ട് വേവര്‍ലിയിലെ ഇവരുടെ വീട്ടില്‍ അറുപതുകാരിയായ വയോധികയെ താമസിപ്പിച്ച്് അടിമവേല ചെയ്യിച്ചത്. 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.

പാചകവും ശുചീകരണവും മൂന്നു കുട്ടികളുടെ പരിപാലനവും അടക്കം ദിവസം 23 മണിക്കൂര്‍ വരെ നിര്‍ബന്ധിത ജോലികള്‍ ചെയ്യിക്കുകയും എട്ടു വര്‍ഷം അടിമയാക്കി വെയ്ക്കുകയും ചെയ്തു എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കും മേല്‍ സുപ്രീം കോടതി ജൂറി ചുമത്തിയത്. ജോലികള്‍ തുടര്‍ച്ചയായി ചെയ്യിപ്പിച്ചതായും മതിയായ ഭക്ഷണം നല്‍കിയില്ലെന്നും കുമുദിനി ശാരീരികമായി പീഡിപ്പിപ്പിച്ചതായും വയോധിക മൊഴി നല്‍കിയിരുന്നു. കുമുദിനി ഫ്രോസണ്‍ ചിക്കന്‍ എടുത്ത് തന്റെ തലയില്‍ അടിച്ചതായി പരിഭാഷിയുടെ സഹായത്തോടെ വയോധിക പറഞ്ഞു. ഭക്ഷണവും തിളച്ച വെള്ളവും തലയിലും കാലിലും ഒഴിച്ചു.

2015 ജൂലൈയില്‍ വയോധികയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 കിലോഗ്രാം മാത്രമായിരുന്നു അവരുടെ ഭാരം. രക്തത്തില്‍ അണുബാധയുമുണ്ടായി. എട്ട് വര്‍ഷമായി പ്രതിദിനം 3.36 ഡോളര്‍ മാത്രമാണ് ദമ്പതികള്‍ സ്ത്രീക്കു ശമ്പളമായി നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍ റിച്ചാര്‍ഡ് മെയ്ഡ്‌മെന്റ് ക്യുസി പറഞ്ഞു. ഓസ്‌ട്രേലിയയില്‍ മിനിമം വേതനം 18 ഡോളറാണ്. അവര്‍ കഠിനാധ്വാനിയും എല്ലാം സഹിക്കുന്നവരുമായിരുന്നതിനാലാണ് അവിടെ തുടര്‍ന്നത്. തമിഴ്നാട്ടിലെ സ്ത്രീയുടെ മരുമകന്‍ ദമ്പതികള്‍ക്കു കത്തെഴുതി അമ്മയെ നാട്ടിലേക്കു വിടണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ദമ്പതികളുടെ കമ്പ്യൂട്ടറില്‍ കണ്ടെത്തിയ ഇമെയില്‍ മറുപടി അങ്ങേയറ്റം മോശമായ ഭാഷയിലുള്ളതാണെന്നു ജൂറി കണ്ടെത്തി.

അതേസമയം, മൂന്ന് മക്കളുടെ സംരക്ഷണം ആരും ഏറ്റെടുക്കാനില്ലാത്തതിനാലും അതിനുള്ള ഒരുക്കങ്ങള്‍ അഭിഭാഷകര്‍ നടത്തിയിട്ടില്ലാത്തതിനാലും ദമ്പതികള്‍ ജാമ്യത്തിലിറങ്ങി. അസാധ്യമായ കാര്യമായിട്ടും ശിക്ഷിക്കപ്പെട്ടവര്‍ കുട്ടികളുടെ ക്ഷേമത്തിനായി ജാമ്യത്തിലിറങ്ങുന്ന സാഹചര്യമുണ്ടായെന്നു ജസ്റ്റിസ് ജോണ്‍ ചാമ്പ്യന്‍ പറഞ്ഞു. മൂന്നു കുട്ടികളില്‍ മൂത്ത് രണ്ടു കുട്ടികളും ഓട്ടിസം രോഗാവസ്ഥയുള്ളവരാണ്. ഇളയ കുട്ടിക്കും ഗുരുതര മാനസിക വൈകല്യമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26